കസബ വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി ജോയ് മാത്യു

joy mathew support indian national anthem

കസബ വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരില്‍ നടനെ വിമര്‍ശിക്കുന്ന ശരിയല്ലയെന്ന അഭിപ്രായമാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്.

‘അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?’ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടിയെന്ന സര്‍ട്ടിഫിക്കറ്റും ജോയ് മാത്യു മമ്മൂട്ടിക്ക് നല്‍കുന്നുണ്ട്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെന്ന നടനെ സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ ബഹുമാനിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മമ്മൂക്കയെന്ന് മമ്മൂട്ടിയെ വിളിക്കുന്നതെന്നും പറയുന്ന ജോയ് മാത്യു അങ്ങനെയല്ലെങ്കില്‍ മമ്മൂട്ടിയെ ‘മിസ്റ്റര്‍ മമ്മൂട്ടി’ എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തതെന്തെന്നും ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്-

അതല്ലെ അതിന്റെയൊരു അന്തസ്സ്-

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍
കണ്ടിട്ടില്ല-

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?