രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് മയക്ക് മരുന്നിന്റെ പ്രവാഹം; പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു

കൊച്ചി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മയക്ക് മരുന്നും മറ്റു രീതിയിലുള്ള ലഹരി വസ്തുക്കളും കൊച്ചിയിലേക്ക് ഒഴുകുകയാണ്. പാലക്കാട് റയില്‍വെ സ്റ്റേഷനില്‍ ഇന്നലെ ഒരു കിലോ കഞ്ചാവുമായി വിഷ്ണു എന്ന യുവാവ് പിടിയിലായി. എന്നാൽ ഇയാളെ മയക്ക് മരുന്ന് കേസിൽ മൂന്നാം തവണയാണ് പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ നൈട്രാസ്പാം ഉള്‍പ്പെടെ ലഹരിക്കായി ഉപയോഗിക്കാന്‍ ഉതകുന്ന വേദനസംഹാരി ഗുളികകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായും പൊലീസ് ആരോപിക്കുന്നു. കൊച്ചി കടവന്ത്രയില്‍ റേവ് പാര്‍ട്ടികള്‍ക്കായി കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ആന്ധ്രപ്രദേശിലടക്കം മരുന്നിന്റെ പേര് കടലാസില്‍ കുറിച്ച് നൽകിയാൽ ഏതു മരുന്നും കിട്ടുമെന്നും യുവാവ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

പശ്ചിമബംഗാള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും കഞ്ചാവിന്റെ വൻ പ്രവാഹമാണ് കൊച്ചിയെ കേന്ദ്രീകരിച്ച് എത്തുന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് വേട്ട പലപ്പോഴും നടക്കുന്നത്. ഇതിൽ പല ഭാഗങ്ങളിൽ നിന്നും അന്വേഷണ സംഘം കഞ്ചാവും മറ്റു മയക്ക് മരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പൊലീസ്, എക്‌സൈസ് സംഘങ്ങള്‍ ചേര്‍ന്ന് അന്വേഷണ സംഘം ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നഗരത്തിലെ പുതുവത്സര ആഘോഷങ്ങളിൽ മയക്ക് മരുന്നിന്റെ പ്രവാഹം പോലീസിൽ വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഹോട്ടലുകളിലടക്കം മയക്കുമരുന്നിന്റെ ഉപയോഗം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന നിര്‍ദ്ദേശവും പൊലീസ് മുമ്പോട്ട് വെച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രത്യേക പേജ് തുടങ്ങി അതിലൂടെ ആശയവിനിമയം നടത്തിയാണ് റേവ് പാര്‍ട്ടികള്‍ നടക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ ലഹരി ഉപയോഗിക്കുന്നവർക്ക് കർശന നടപടികൽ സ്വീകരിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.