ബംഗളൂരു ഇനി ക്യാമറ വലയില്‍ : നൂറുമീറ്ററിടവിട്ട് സി സി ടി വി

അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തിലെ പ്രധാന റോഡുകളില്‍ ഓരോ 100 മീറ്റര്‍ കൂടുമ്പോഴും സിസിടിവി. ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മൂന്നുമാസത്തിനുള്ളില്‍ 1.4 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. ഇതിന്റെ ചെലവിലേക്കായി 150 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. നഗരത്തിനുള്ളില്‍ 14000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളുണ്ടെന്നാണ് കണക്ക്.

ബംഗളൂരു കോര്‍പ്പറേഷന്റെ കീഴിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ബംഗളൂരു കോര്‍പ്പറേഷന്‍ നേരത്തേ നഗരത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ക്യാമറകള്‍ക്കുപുറമേയാണിത്. ക്യാമറകള്‍ സ്ഥാപിക്കേണ്ടതും പരിപാലിക്കേണ്ടതും ബംഗളൂരു കോര്‍പ്പറേഷനാണ്. കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പൊലീസിനാണ്.

ഇവിടെ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ നഗരത്തിന്റെ മുക്കും മൂലയും കണ്‍ട്രോള്‍ റൂമിലൂടെ നിരീക്ഷിക്കാന്‍ കഴിയും. ക്യാമറകള്‍ സ്ഥാപിക്കുന്നത് യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്‌നിശമനസേന, ആംബുലന്‍സ്, ദ്രതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.