88 റണ്‍സിന്റെ വമ്പൻ ജയം : ട്വന്റി20യും തൂത്തുവാരി ടീം ഇന്ത്യ :

ഇൻഡോർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനാകാതെ ലങ്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി.

കഴിഞ്ഞ മൽസരത്തിനു സമാനമായി ഇന്ത്യൻ സ്പിന്നര്‍മാർ ഇൻഡോറിലും നിറഞ്ഞാടി. കുൽദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹൽ നാലും വിക്കറ്റുകള്‍ വീഴ്ത്തി. നിരോഷൻ ഡിക്‌വെല്ല, ഉപുൽ തരംഗ, കുശാൽ പെരേര എന്നിവരൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്ക്കായി കുശാൽ പെരേര അർധ സെഞ്ചുറി നേടി.

അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. അതിവേഗ സെഞ്ചുറിയുമായി മിന്നിയ രോഹിത് ശർമയാണ് ഭീമൻ വിജയലക്ഷ്യം നേടാൻ ആതിഥേയരെ സഹായിച്ചത്. 43 പന്ത് മാത്രം നേരിട്ട് 118 റൺസുമായാണ് രോഹിത് മടങ്ങിയത്. 12 ഫോറും 10 സിക്സും രോഹിത് പറത്തി. അർധ സെഞ്ചുറി പ്രകടനവുമായി ലോകേഷ് രാഹുലും രോഹിതിന് പിന്തുണയേകി.