10000വിദ്യാര്‍ഥികളെ കൂട്ടകൊല ചെയ്തു , ശരീരങ്ങളില്‍ ടാങ്കര്‍ കയറ്റിയിറക്കി ,അവശിഷ്ടങ്ങള്‍ ബുള്‍ഡോസറില്‍ കോരിമാറ്റി ,കൂട്ടിയിട്ട്കത്തിച്ചു .ചാരം ഓടയില്‍ ഒഴുക്കി : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബെയ്‌ജിങ് ∙ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ മുഖ്യസ്ഥാനത്ത് എണ്ണപ്പെടുന്ന ടിയനൻമെൻ സ്ക്വയർ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യരേഖ പുറത്ത്. ടിയനൻമെൻ സ്‌ക്വയറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്കു നേരെ ചൈനീസ് സർക്കാർ സ്വീകരിച്ച സൈനിക നടപടിയിൽ കൊല്ലപ്പെട്ടത് 10,000 പേരാണെന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തായത്. ഇതുവരെ കരുതപ്പെട്ടിരുന്നതിന്റെ പതിൻ‌മടങ്ങാണ് രേഖപ്രകാരമുള്ള മരണസംഖ്യ.
കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1989ൽ ആയിരക്കണക്കിനു വിദ്യാർഥികളാണു ബെയ്ജിങ്ങിലെ തെരുവിലിറങ്ങിയത്. ചത്വരത്തിൽ ആറാഴ്‌ച നീണ്ട സ്വാതന്ത്യ്ര പ്രക്ഷോഭങ്ങൾക്കൊടുവിൽ 1989 ജൂൺ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായി ഇരച്ചുകയറിയ ചൈനീസ് പട്ടാളം കൊന്നൊടുക്കിയതായാണു വാർത്തയെങ്കിലും മരിച്ചത് എത്ര പേരെന്നതു ചൈന ഇപ്പോഴും രഹസ്യമാക്കിവച്ചിരിക്കുകയാണ്. അതിനിടെയാണ് കൊല്ലപ്പെട്ടത് 10,000 പേരാണെന്ന വെളിപ്പെടുത്തൽ.
അന്ന് ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലൻ ഡൊണാൾഡിനെ ഉദ്ധരിച്ചാണ് രഹസ്യരേഖയിലെ വിവരങ്ങളുള്ളത്. പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേർ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അലൻ ഡൊണാൾഡ് ലണ്ടനിലെ അധികാരികൾക്ക് ടെലഗ്രാം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നത്. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് ഈ രേഖ പുറത്തുവിട്ടത്. അടുത്ത കാലത്ത് യുഎസ് പുറത്തുവിട്ട കണക്കുമായി ചേർന്നുപോകുന്നതിനാൽ, ചൈനീസ് സർക്കാരിന്റെ നടപടിയിൽ 10,000 പേർ കൊല്ലപ്പെട്ടെന്ന കണക്ക് വിശ്വസനീയമാണെന്നാണ് ചരിത്രകാരൻമാരുടെ വിലയിരുത്തൽ.

പ്രക്ഷോഭകാരികളെ ലക്ഷ്യമിട്ട് ചൈനീസ് സൈന്യം നടത്തിയ നരനായാട്ടിന്റെ ക്രൂരത അപ്പാടെ വെളിപ്പെടുത്തുന്നതാണ് ബ്രിട്ടീഷ് സ്ഥാനപതിയുടെ ടെലഗ്രാമിനെ ഉദ്ധരിച്ചുള്ള വെളിപ്പെടുത്തൽ. ഒരു മണിക്കൂറിനുള്ളിൽ ചത്വരം വിട്ടുപോകാൻ വിദ്യാര്‍ഥികൾക്ക് അന്ത്യശാസനം നൽകിയെങ്കിലും അതിനുപോലും അനുവദിക്കാതെ 10 മിനിറ്റിനുള്ളിൽത്തന്നെ ടാങ്കുകളുമായി സൈന്യം വിദ്യാർഥികൾക്കിടയിലേക്ക് ഇരച്ചുകയറിയെന്നാണ് വെളിപ്പെടുത്തൽ. മരിച്ചുവീണ വിദ്യാർഥികളുടെ ദേഹത്തുകൂടി ടാങ്കുകൾ തുടർച്ചയായി കയറിയിറങ്ങി. അവശിഷ്ടങ്ങൾ ബുൾഡോസർ ഉപയോഗിച്ചാണ് വാരി മാറ്റിയതെന്നും രേഖയിൽ പറയുന്നു. ഇവ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ഓടയിലൊഴുക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തൽ.

അതേസമയം, സൈനികനടപടി ശരിയായിരുന്നുവെന്നു ചരിത്രം തെളിയിച്ചുവെന്നാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ടിയനൻമെൻ സ്‌ക്വയർ വിദ്യാർഥി പ്രക്ഷോഭത്തിന്റെ സ്മരണ പുതുക്കാനായി മനുഷ്യാവകാശ പ്രവർത്തകർ നടത്തുന്ന ശ്രമം എല്ലാ വർഷവും ചൈനയിൽ വൻ പ്രതിസന്ധി തീർക്കാറുണ്ട്. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയും ടിയനൻമെൻ സ്‌ക്വയർ സ്ഥിതി ചെയ്യുന്ന മേഖലയിൽ ഈ ദിവസങ്ങളിൽ പ്രവേശനം നിഷേധിച്ചും പ്രതിഷേധങ്ങൾ മുളയിലേ നുള്ളുന്നതാണ് ചൈനീസ് അധികാരികളുടെ രീതി. ഒരു മുദ്രാവാക്യമോ പരാമർശമോ പോലും ഉയരാതിരിക്കാൻ നഗരവീഥികളിൽ പൊലീസും ഇന്റർനെറ്റിൽ സൈബർ പൊലീസും പിടിമുറുക്കുകയും ചെയ്യും.