ഫ്രാന്‍സില്‍ ഇന്ധനം, ഗ്യാസ് ഖനനം നിര്‍ത്തലാക്കുന്നു

പാരിസ്: ഫ്രാന്‍സില്‍ പാരമ്പര്യേത ഉര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ധനം, ഗ്യാസ് ഖനനം നിര്‍ത്തലാക്കുന്നു. അന്തരീക്ഷ മലിനീകരണം കുറച്ച് രാജ്യത്തെ കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്ന് വലിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുകയാണ് ഖനന ലൈസന്‍സ് റദ്ദാക്കുന്നതെന്നും മന്ത്രി നിക്കോളാസ് ഹുലോട്ട് അറിയിച്ചു. ഇനിമുതല്‍ പുതിയ ഖനന ലൈസന്‍സുകള്‍ ഫ്രാന്‍സില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖനനം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതി പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഇതോടെ ഫ്രഞ്ച് കമ്പനികള്‍ രാജ്യത്തും അതിനു പുറത്തുള്ള ഫ്രാന്‍സ് അധീന പ്രദേശങ്ങളിലും പെട്രോളും പ്രകൃതി വാതകവും കണ്ടെത്താന്‍ ശ്രമിക്കുന്നത് ഇനി മുതല്‍ നിയമവിരുദ്ധമാകും.

നിലവില്‍ ഡ്രില്ലിങ്ങിന് എല്ലാ കമ്പനികള്‍ക്കും നല്‍കിയിട്ടുള്ള ലൈസന്‍സ് കാലാവധി 2040ന് അവസാനിക്കും. പുതിയ തീരുമാനപ്രകാരം അതിനു ശേഷം ആര്‍ക്കും ഖനന ലൈസന്‍സ് പുതുക്കി നല്‍കില്ല. മാത്രമല്ല അപ്പോഴേക്കും രാജ്യത്തുനിന്ന് പെട്രോളിയം ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനും ഫ്രാന്‍സിന് പദ്ധതിയുണ്ട്.

ഊര്‍ജത്തിനായി കാര്‍ബണ്‍ ബഹിര്‍ഗമന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഊര്‍ജരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് എതിര്‍പ്പിന് വഴിവെക്കുമെന്നാണ് കരുതുന്നത്.

മാത്രമല്ല രാജ്യത്തിന്റെ വൈദ്യുത ആവശ്യത്തിന്റെ 75 ശതമാനവും ആണവ നിലയങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 50 ശതമാനമായി കുറയ്ക്കാനും 20 ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രണ്ടുലക്ഷം ആളുകളാണ് ആണവനിലയങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നത്. ഇതില്‍ പലര്‍ക്കും തീരുമാനത്തോടെ ജോലി നഷ്ടപ്പെടും.

ഈ ഭീഷണി നിലനില്‍ക്കെയാണ് പുതിയ പരിഷ്‌കാരത്തിന് മക്രോണ്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. രാജ്യത്ത് പുനരുപയുക്ത ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ടുവെക്കുന്നത്.