ഹിന്ദു മുസ്ലിം വിവാഹം: ഗാസിയാബാദില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അക്രമം

ന്യൂഡല്‍ഹി : ഹിന്ദു യുവതിയും മുസ്ലിം യുവാവും വിവാഹിതരായതിനെ എതിര്‍ത്ത് ഗാസിയാബാദില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അക്രമം. ഡോക്ടറായ നൂപുര്‍ സിംഗാളും എംബിഎ ബിരുദധാരിയായ മന്‍സൂര്‍ ഖാനും തമ്മിലുള്ള വിവാഹം അനുവദിക്കില്ലെന്ന ഭീഷണിയുമായാണ് ബിജെപി രംഗത്തെത്തിയത്. ലൗ ജിഹാദ് ആരോപിച്ച് വിവാഹ ആഘോഷം നടന്ന യുവതിയുടെ രാജ്‌നഗറിലെ വീടിനുമുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കി.

ബിജെപി ഗാസിയാബാദ് സിറ്റി പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം വീടിനുമുന്നില്‍ കുത്തിയിരുന്ന് അഞ്ചുമണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു. വിവാഹം ഇരുവരുടെയും ഇഷ്ടപ്രകാരമാണെന്ന് യുവതിയും യുവാവും കുടുംബാംഗങ്ങളും അറിയിച്ചിട്ടും ബിജെപിക്കാര്‍ അക്രമം നടത്തുകയായിരുന്നു. ബിജെപി, ബജ്‌റംഗദള്‍, ഹിന്ദു രക്ഷാദള്‍, ധരം ജാഗ്രണ്‍ മഞ്ച് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

ഈ വിവാഹം നടത്തുന്നതിന് ഒരു അനുമതിയും വാങ്ങിയിട്ടില്ലെന്നും ഇത് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമാണെന്നും ബിജെപി നേതാവ് അജയ് ശര്‍മ ആരോപിച്ചു. എന്ത് വിലകൊടുത്തും ഈ വിവാഹം തടയുമെന്ന് ബജ്‌റംഗദള്‍ മീററ്റ് കമ്മറ്റിയുടെ കണ്‍വീനര്‍ ബല്‍രാജ് ദുന്‍ഗര്‍ പറഞ്ഞു. പൊലീസിനുപിന്നില്‍ എത്രനാള്‍ ഇവര്‍ക്ക് ഒളിച്ചിരിക്കാനാകുമെന്ന് കാണാമെന്ന ഭീഷണിയും ഇയാള്‍ മുഴക്കി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എത്തിയ പൊലീസ് അക്രമികളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ വഴങ്ങിയില്ല. വിവാഹം തങ്ങളുടെ സ്വകാര്യ കാര്യമാണെന്നും ഇതില്‍ ബിജെപിക്കാര്‍ ഇടപെടേണ്ടന്നും വീട്ടുകാര്‍ അറിയിച്ചു. പിരിഞ്ഞുപോകാന്‍ അക്രമികള്‍ തയാറാകാതിരുന്നതോടെ പൊലീസ് ലാത്തിവീശി ഇവരെ ഒഴിപ്പിച്ചു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെണ്‍കുട്ടിയുടെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി ഭീഷണി ഫോണ്‍വിളികള്‍ വരുന്നുണ്ടെന്ന് വധുവിന്റെ അച്ഛന്‍ വ്യവസായിയായ പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് സ്‌പെഷ്യല്‍ മാരേജ് നിയമപ്രകാരം വിവാഹിതരായത്. ഇതില്‍ ലൗജിഹാദ് ആരോപണം ഉന്നയിക്കാന്‍ ഒരു കാരണവുമില്ലെന്ന് പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു.ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അത് നേരിടാന്‍ തയാറാണെന്നും നൂപുര്‍ സിംഗാള്‍ പറഞ്ഞു. അതിക്രമത്തെ തുടര്‍ന്ന് കവിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കി.