“പാഠം 2 മുന്നോട്ടുള്ള കണക്ക്” സര്‍ക്കാരിനെതിരെ ജേക്കബ്‌ തോമസ് വീണ്ടും

സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് സസ്‌പെന്‍നിലുള്ള ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്. വാര്‍ഷികാഘോഷത്തിനു പരസ്യം നല്‍കാനും ഫ്‌ളക്‌സ് വയ്ക്കാനും സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് ചിലവിടുന്നതെന്നാണ് ജേക്കബ്ബ തോമസിന്റെ പരിഹാസം. ഫെയ്‌സ്ബുക്കി പോസ്റ്റില്‍ , ‘പാഠം 2 മുന്നോട്ടുള്ള കണക്ക്’ എന്ന തലക്കെട്ടിലുള്ള പോസ്റ്റിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് വീണ്ടും രംഗത്തുവന്നത്. ‘പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

വാര്‍ഷികാഘോഷം നടത്തിയതിന് മൂന്ന് കോടി രൂപ ചിലവിട്ടതിനെയും സര്‍ക്കാര്‍ റിയാലിറ്റിഷോയ്ക്കും ഫ്‌ളക്‌സിനുമായി 5 കോടിരൂപ ചെലവഴിച്ചതിനെയും ജേക്കബ്ബ് തോമസ് കണക്കറ്റ് പരിഹസിച്ചു.

നേരത്തെ, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടിയും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ജേക്കബ് തോമസ് രംഗത്തുവന്നിരുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പറയുന്നു. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടിലാണ് ചിത്രസഹിതം കണക്കുകള്‍ നിരത്തി വിമര്‍ശനം ഉന്നയിച്ചിരുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്കകം ജേക്കബ്ബ് തോമസിന് മന്ത്രി തോമസ് ഐസക് മറുപടി നല്‍കിയിരുന്നു. ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്പോള്‍ ഒന്നാം പാഠത്തില്‍ ചുരുക്കാതെ ഗൃഹപാഠം ചെയ്യണമെന്നും ഫേസ്ബുക്ക് വഴി ഐസക് പ്രതികരിച്ചിരുന്നു.