ട്രെയിന്‍ ടിക്കറ്റിന് വ്യാജ സോഫ്റ്റ്‌വെയര്‍ : സി.ബി.ഐ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍.

ഐ.ആര്‍.സി.ടി.സി. സോഫ്റ്റ് വെയറില്‍  വന്‍ തിരിമറികള്‍ നടത്തി തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ച സി.ബി.ഐ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐ.ആര്‍.സി.ടി.സി. സോഫ്റ്റ്വെയറില്‍ നുഴഞ്ഞുകയറി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് സൈബര്‍ വിദഗ്ധന്‍ അജയ് ഗാര്‍ഗ് അറസ്റ്റിലായത്.

ഇയാള്‍ വികസിപ്പിച്ച സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ഒറ്റയടിക്ക് 800 മുതല്‍ 1000 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയും. ഇത് ബുക്കിംഗ് ഏജന്‍സികള്‍ക്ക് കൈമാറിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായി രാജ്യം മുഴുവന്‍ കമ്പ്യൂട്ടറിന് മുന്നില്‍ കാത്തിരിക്കുമ്പോഴാണ് ആയിരക്കണക്കിന് ടിക്കറ്റുകള്‍ ഒറ്റയടിക്ക് ബുക്ക് ചെയ്യുന്നത്.

മുമ്പ് ഐ.ആര്‍.സി.ടി.സി. സോഫ്റ്റ്വെയറിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന അജയ് സോഫ്റ്റ്വെയറിന്റെ ദൗര്‍ബല്യങ്ങള്‍ മുതലാക്കിയാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇത് രാജ്യത്തെ പല ട്രാവല്‍ ഏജന്‍സികള്‍ക്ക് വിറ്റു. പല ഏജന്‍സികളും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അനധികൃതമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി സി.ബി.ഐ. കണ്ടെത്തി. ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് ബുക്ക് ചെയുമ്പോള്‍ ഒരു നിശ്ചിത തുക തനിക്കും ലഭിക്കുന്ന രീതിയില്‍ ആണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.ദിവസവും ഹവാല നെറ്റ്വര്‍ക്ക്, ബിറ്റ്കോയിന്‍ തുടങ്ങിയവയിലൂടെ വലിയ തുകയാണ് ഇയാള്‍ സമ്പാദിച്ചിരുന്നത്.

അജയ് ഗാര്‍ഗിനെ കൂടാതെ നിരവധി ട്രാവല്‍ ഏജന്റുമാരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നു വരികയാണെന്നും നിലവില്‍ 89.42 ലക്ഷം രൂപയും 61.29 ലക്ഷത്തിന്റെ സ്വര്‍ണവും നിരവധി കമ്പ്യൂട്ടര്‍-അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും സി.ബി.ഐ. അറിയിച്ചു.