കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു.

മുസാഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്): കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്യാന്‍ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ശാമ്‌ലി ജില്ലയിലെ നോജാല്‍ ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

മുസാഫര്‍നഗറിനു സമീപമുള്ള ഗ്രാമത്തിലെ 24കാരിയായ യുവതിയുമായുമായാണ് ഭോപ്പുര നിവാസിയായ 26കാരനായ യുവാവ് പ്രണയത്തിലായത്. ഗാസിയാബാദില്‍ പഠിക്കുകയായിരുന്ന യുവതിയുമായി യുവാവ് കഴിഞ്ഞ നവംബറില്‍;ഒളിച്ചോടി.;തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടിക്കൊണ്ടുപോവുകയും;ഇവരെ ശാമ്‌ലി ഗ്രാമത്തിലുള്ള ഒരു വീട്ടില്‍ തടവിലാക്കുകയും ചെയ്തു. ഇവിടെവെച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു.

ഡിസംബര്‍ 25ന് പോലീസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ്തടവില്‍നിന്ന് ഇവരെ മോചിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, രണ്ട് സഹോദരന്‍മാര്‍, ഒരു സഹോദരപുത്രന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ മുന്‍ ഗ്രാമമുഖ്യനാണെന്നും പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.