അന്ന് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്രയും ബില്ല് വന്നിട്ടില്ല : കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുപക്ഷ മന്ത്രിമാർ ധൂർത്തടിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളം കടക്കെണിയില്‍പ്പെട്ട് ഉഴലുമ്ബോള്‍ മന്ത്രിമാര്‍ ധൂര്‍ത്തടിക്കുകയാണെന്നും ഒരു മന്ത്രി ഒരു മാസം അരലക്ഷം രൂപയ്ക്ക് ഫോണ്‍വിളിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയും ചിത്രവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരു നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്രയും ബില്ല് വന്നിട്ടില്ലെന്ന് സുരേന്ദ്രന്‍ കുറിച്ചു.

ബി.എസ്.എന്‍.എല്‍ ഉള്‍പ്പടെയുള്ള ഏത് സ്വകാര്യ മൊബൈല്‍ കമ്പനിയായാലും അണ്‍ലിമിറ്റഡ് കോളിന് പരമാവധി ഒരു മാസം 500 മാത്രമാണ് ആകുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മന്ത്രിമാര്‍ ആരെയാണ് ഈ വിളിക്കുന്നതെന്നും ഇത് കൊണ്ട് നാട്ടുകാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ നാട്ടിൽ ബി. എസ്. എൻ. എൽ ആയാലും ഏത് സ്വകാര്യ മൊബൈൽ കമ്പനി ആയാലും അൺലിമിററഡ് കോൾ സൗകര്യത്തിന് പരമാവധി പോയാൽ ഒരു മാസം 500 രൂപ ചെലവാക്കിയാൽ മതി. സംശയമുണ്ടെങ്കിൽ ആർക്കും അന്വേഷിക്കാം. കേരളം കടക്കെണിയിൽ പെട്ടുഴലുമ്പോൾ പിന്നെ എന്തിനീ ധൂർത്ത്. ഉമ്മൻചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവററ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നതായി അറിയില്ല. ആർക്കാണ് ഈ മന്ത്രിമാർ വിളിക്കുന്നത്. എന്തിനാണ് ഇവർ ഇങ്ങനെ വിളിക്കുന്നത്? വിളിച്ചതുകൊണ്ടെന്തെങ്കിലും ഗുണം നാട്ടുകാർക്കുണ്ടോ? ഒരാവശ്യത്തിന് ഏതെങ്കിലുമൊരു പ്രജ വിളിച്ചാൽ ഇവരെയൊട്ടു കിട്ടുകയുമില്ല. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്നതായിരിക്കുന്നു മന്ത്രിമാരുടെ ആപ്തവാക്യം. ഇതൊന്നും നോക്കാൻ പിണറായി വിജയനു നേരമില്ലെങ്കിൽ പിന്നെ രണ്ടു ചങ്കുണ്ടായിട്ടെന്തു കാര്യം?