ദളിത് – മറാത്താ സംഘർഷം: ബിജെപിയെ പ്രതിക്കൂട്ടിലാക്കി ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ ദളിത് – മറാത്താ സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി ശിവസേന. പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായതൊന്നും മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തില്ലെന്ന് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ നിര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്കും കനത്ത നാശനഷ്ടത്തിലേക്കും തള്ളി വിട്ടത് ബി.ജെ.പി സര്‍ക്കാരുകളാണ്. സംസ്ഥാന പൊലിസിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും രാഷ്ട്രീയക്കളിയാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് ശിവസേന കുറ്റപ്പെടുത്തി. സംഘര്‍ഷം നിയന്ത്രിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ശിവസേന അന്വേഷണ കമ്മിഷനെ നിയമിക്കുന്നത് പതിവുരീതിയാണെന്നും അതിനു ഭരണപാടവം ആവശ്യമില്ലെന്നും പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയില്‍ എത്തിയവരാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ബാരിപ ബഹുജന്‍ മഹാസംഘ് (ബി.ബി.എം) നേതാവും ഡോ. ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറെയും ശിവസേന കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി അക്രമത്തെ കൂട്ടുപിടിക്കരുതെന്ന് ശിവസേന പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് ബുധനാഴ്ച ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. മുംബൈയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം അക്രമാസക്തവുമായി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തിയത്.