പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്; കോഴിക്കോട് കളക്ടർ

പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ കോഴിക്കോട് കലക്ടറുടെ റിപ്പോർട്ട്. പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിന് സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്- കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
നിയമ ലംഘനങ്ങള്‍ തെളിഞ്ഞതിന് ശേഷം മാത്രമാണ് പാര്‍ക്കിന് പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനാനുമതി ലഭിച്ചത് എന്നതിന്റെ രേഖകളും പുറത്തായി. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ച് വെച്ചിരിക്കുന്നത് വന്‍ അപകട സാധ്യതയ്ക്ക് കാരണമാകും.

ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള മേഖലകളിലൊന്നാണ് കക്കാടംപൊയിലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മാത്രമല്ല പാര്‍ക്കിന്റെ പ്രവര്‍ത്തനം ഓരോ ദിവസവും വൻ ഭീഷണി ഉയർത്തുകയാനിന്നും റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനങ്ങള്‍ പുറത്തുവരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പാര്‍ക്കിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചത്.