ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്; ആരും കാണാതെ പോയ 761 ദിവസത്തെ നിരാഹാര സമരം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നത്. ആരാണ് ശ്രീജിത്ത് ? ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ വേണ്ടി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരം 761 ദിവസത്തിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹത്തിലാണ് ഇയാള്‍. നീതിക്കു വേണ്ടിയുള്ള ഇയാളുടെ പോരാട്ടം അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ ഇടപെടല്‍.

2014 മെയ് 21നാണ് ശ്രീജിത്തിന്‍റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്‌ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ശ്രീജിവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ശ്രീജിത്ത് വ്യക്തമാക്കി.

ശ്രീജിത്തിന്‍റെ പരാതിയില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണിക്കണമെന്ന് സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. അടിയന്തര സഹായമായി ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ കേസില്‍ പിന്നീട് ഉണ്ടായില്ല. കേസ് സിബിഐക്ക് കൈമാറിയെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച്‌ വ്യക്തമായ അറിയിപ്പ് ശ്രീജിത്തിന് ഇതുവരെയും കൈമാറിയിട്ടില്ല. കഴിഞ്ഞ ഒരു മാസമായി നിരാഹാര സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തര നടപടി സര്‍ക്കാര്‍ എടുക്കണമെന്നാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്. ശ്രീജിത്തിന്‍റെ വിഷയം സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇവര്‍ അറിയിച്ചു.