ശ്രീജിവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിന് എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യുവാവിന് നീതി തേടിയുള്ള സോഷ്യല്‍ മീഡിയയുടെ ആവശ്യത്തോടൊപ്പം താന്‍ നില കൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി.

 

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച്‌ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്