ശ്രീജീവിന്റെ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ സാധിക്കില്ലെന്ന്‍ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഈ കേസില്‍ അന്വേഷണം സിബിഐ വിടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്. 2014 ലാണ് പൊലീസ് കസ്റ്റഡിയിലായിരിക്കെ ശ്രീജീവ് മരിച്ചത്. ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തിൽ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്, മറ്റൊരു വിവാഹം നിശ്ചയിച്ച പെൺകുട്ടി പ്രണയാധിക്യം മൂലം ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാൻ വീട്ടുകാർ കണ്ട ഉപായമാണ് ശ്രീജിവിനെ മോഷണക്കേസിൽ കുടുക്കി അകത്താക്കുക എന്നത്. മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു.

അനുജന്റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, ഇനിയാർക്കും ഈ ദുർഗതി വരാതിരിക്കാനായി ശക്തമായ നിയമസംവിധാനം കസ്റ്റഡി മരണകേസുകളിൽ കൊണ്ടുവരാനും കൂടിയാണ് ശ്രീജിത്ത്‌ തന്റെ ആകെയുള്ള സ്വത്തായ അനുജന് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി സമരത്തിൽ തുടരുന്നത്.