ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി. നേരത്തേതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്‍റെ മറ്റൊരു രൂപമാണ് ഹര്‍ത്താലെന്നും കോടതി നിരീക്ഷിച്ചു. പത്ത് വര്‍ഷം മുമ്പ് ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ചന്ദ്രബോസിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഹര്‍ത്താലുകള്‍ ദോഷമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്‍റെ പ്രതിച്ഛായയെ തന്നെ മാറ്റി മറിക്കുന്നു. സര്‍ക്കാരിന്‍റെ പരമപ്രധാനമായ കടമയാണ് പൌരന്‍റെ ജീവന്‍ സംരക്ഷിക്കുകയെന്നത്- കോടതി അഭിപ്രായപ്പെട്ടു. പതിനാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചന്ദ്രബോസ് കോടതിയെ സമീപിച്ചത്. ഏഴുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് സിംഗിള്‍ ബഞ്ച് വിധിച്ചിരുന്നു.