നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെച്ച് ചിത്രീകരിച്ചത്, ദൃശ്യത്തിന്റെ പകർപ്പ് നൽകണമെന്ന് ദിലീപ്; നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങൾ നല്‍കരുതെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപ്. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും, നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണെന്നും, പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ലെന്നും, ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.

 

നടിയെ ആക്രമിച്ച ദൃശ്യങ്ങളുളള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമാണെന്നു കാണിച്ചാണ് ദിലീപ് അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം കോടതിയില്‍ എത്തും മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്.

അതേസമയം യുവനടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും, ഇരയെ അപമാനിച്ച്‌ കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യം അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.