മതില്‍ ദേഹത്ത് വീണ് പരിക്കേറ്റ നിര്‍മ്മാണതൊഴിലാളിക്ക് 10ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി വിധി

അബൂദാബി: ജോലി സ്ഥലത്ത് നിന്നും മതില്‍ ദേഹത്ത് വീണ് പരിക്കേറ്റ നിര്‍മ്മാണതൊഴിലാളിക്ക് 10ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി വിധി. അബൂദാബി അപ്പീല്‍ കോടതിയുടെതാണ് വിധി. കൂടെ ജോലി ചെയ്തിരുന്ന രണ്ടുപേരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാലു ലക്ഷം നല്‍കാനായിരുന്നു ഉത്തരവിട്ടിരുന്നത്. എന്നാല്‍ തുക വര്‍ധിപ്പിക്കണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യം അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു.

സംഭവത്തിനു കാരണക്കാരായ തൊഴിലാളികളിലൊരാള്‍ തന്റെ സുഹൃത്തിനെ തമാശയായി മതിലിലേക്ക് തള്ളിയതിനെ തുടര്‍ന്നായിരുന്നു അപകടം. പുതുതായി നിര്‍മിച്ച മതില്‍ ഉറച്ചിട്ടില്ലാത്തതിനാല്‍ അത് തകര്‍ന്നുവീഴുകയായിരുന്നു. മതിലിന്റെ സമീപത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഏഷ്യക്കാരന്റെ മുകളിലേക്കായിരുന്നു മതില്‍ വീണത്. അപകടത്തില്‍ ഇയാളുടെ നട്ടെല്ല് തകരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

ഇതുകാരണം ഇയാള്‍ പൂര്‍ണമായും കിടപ്പിലായതായി പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ പരസഹായമില്ലാതെ ഇയാള്‍ക്ക് അനങ്ങാന്‍ കഴിയില്ല. മലമൂത്ര വിസര്‍ജ്ജനത്തിലെ നിയന്ത്രണ ശേഷി പോലും ഇയാള്‍ക്ക് നഷ്ടമായി. കുടുംബത്തിലെ ഏക വുരമാനദായകനായ ഇയാള്‍ക്ക് പരിക്കേറ്റതോടെ ഭാര്യയും മക്കളുമടങ്ങുന്ന ഇയാളുടെ കുടുംബം പട്ടിണിയിലായതായും പ്രൊസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ മതില്‍ വീഴുമെന്ന് അറിയാതെയാണ് താന്‍ സുഹൃത്തിനെ മതിലിലേക്ക് തള്ളിയതെന്നും സഹതൊഴിലാളിയെ അപകടത്തിലാക്കുകയെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ലായിരുന്നുവെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചെങ്കിലും 5000 രൂപ വീതം പിഴയും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും വിധിക്കുകയായിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് പ്രൊസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തുക 10 ലക്ഷമാക്കി വര്‍ധിപ്പിച്ചത്.