പദ്മാവതിന് ഗുജറാത്തിലും രാജസ്ഥാനിലും വിലക്ക് ഏർപ്പെടുത്തി

ന്യൂഡല്‍ഹി: സഞ്ജയ്‌ ബന്‍സാലിയുടെ വിവാദ ചിത്രമായ ‘പദ്മാവത്’ സിനിമയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി സ്റ്റേചെയ്ത സാഹചര്യത്തിൽ ഗുജറാത്തിലും രാജസ്ഥാനിലും റിലീസിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്യ്രം നിഷേധിക്കാനുള്ള സംസ്ഥാനങ്ങളുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി നേരത്തെ ചിത്രത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിയത്.എന്നാൽ
സ്റ്റേ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പുതിയ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.

രജപുത് കര്‍ണിസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന വന്‍പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മള്‍ട്ടിപ്ളെക്സ് ഉടമകൾ. ഇരുസംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ രജപുത് കര്‍ണിസേന നേതാക്കളോടൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം തടയാനുള്ള നീക്കമാണെന്ന ആക്ഷേപവുമുണ്ട്. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കത്താരിയ കര്‍ണിസേന നേതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തിയശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന പ്രസ്താവന ഉണ്ടായിരിക്കുന്നത്. കേസില്‍ കര്‍ണിസേനയും കക്ഷിചേര്‍ന്നേക്കും.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള ക്രമസമാധാനപ്രശ്നങ്ങള്‍ നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമായിരുന്നു. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെ പേരില്‍ ബിജെപി സര്‍ക്കാരുകള്‍ മൗനം പാലിക്കുകയാണ്.