ഹാദിയ കേസിൽ സംസ്ഥാന സർക്കാരിന്റെ ട്വിസ്റ്റ്, അഭിഭാഷകനെ മാറ്റി

ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായിക്കൊണ്ടിരുന്ന അഭിഭാഷകൻ വി ഗിരിയെ കേസില്‍ നിന്ന് മാറ്റി. ഗിരിയ്ക്ക് പകരം മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ഹാജരാകും.
വി ഗിരി കഴിഞ്ഞ തവണ എന്‍.ഐ.എയ്ക്ക് അനുകൂലമായി നിലപാട് എടുത്തത് വിവാദമായിരുന്നു. കേസില്‍ എന്‍.ഐ.എയുടെ നിലപാട് ആദ്യം കേള്‍ക്കണമെന്നായിരുന്നു ഗിരിയുടെ വാദം.

ഹാദിയാ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയത്. ഷെഫിന്‍ ജഹാന്റേയും ഹാദിയയുടേയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടക്കം കേസിന്റെ ഏറ്റവും നിര്‍ണ്ണായകമായ വശങ്ങള്‍ കോടതി പരിശോധിക്കും. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. എന്‍ഐഎ അന്വേഷണം കോടതി അലക്ഷ്യമാണെന്നതടക്കമുള്ള വാദങ്ങളാണ് ഷെഫിന്‍ ജഹാൻ ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎക്കെതിരെ ഷെഫിന്‍ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.

2017 നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ വീട്ട്തടങ്കലില്‍ നിന്ന് മോചിപിച്ച് തുടര്‍പഠനത്തിനായി കോയമ്പത്തൂരിലേക്ക് അയച്ചത്. തനിക്ക് പൂര്‍ണമായ വ്യക്തിസ്വാതന്ത്യം വേണമെന്ന നിലപാടിലാണ് ഹാദിയ.