മുതിർന്ന പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ വിമാനം പറത്തുന്നതിനിടെ തല്ലി; പൈലറ്റുമാരുടെ ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റില്‍വച്ച് അടിപിടിയുണ്ടാക്കിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരുടെ ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍(ഡി.ജി.സി.എ) റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്കാണ് റദ്ദാക്കിയത്. പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്സ് നേരത്തെ പുറത്താക്കിയിരുന്നു.

മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലുകയായിരുന്നു. ജനുവരി ഒന്നിന് 9 ഡബ്ലു 119 ലണ്ടന്‍ – മുംബൈ ഫ്ളൈറ്റില്‍വച്ചായിരുന്നു സംഭവം. പൈലറ്റുമാര്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കൈയേറ്റത്തിലെത്തിയതെന്ന് വിമാനക്കമ്പനി വക്താവ് വിശദീകരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ജി.സി.എ പൈലറ്റുമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. 324 യാത്രക്കാരും 14 വിമാന ജീവനക്കാരും സംഭവം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നു.