‘വിളവെടുപ്പോത്സവം’-കൃഷിയുടെ പുത്തൻ പാഠങ്ങൾ പകർന്ന് അജ്മാൻ അൽ തല്ല ഹാബിറ്റാറ്റ് സ്കൂൾ.

അജ്മാൻ: നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ വിദ്യാർഥികളുടെ കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി. കൃഷിയിൽ പുത്തൻ സാങ്കേതിക വിദ്യ പാഠങ്ങൾ പ്രയോഗവൽക്കരിച്ചും പരമ്പരാഗത രീതികളിൽ കൂടുതൽ മികവ് തെളിയിച്ചുമായിരുന്നു അൽ തല്ല ഹാബിറ്റാറ്റ് വിദ്യാർഥികളുടെ വിളവെടുപ്പുത്സവം. അക്വാ ഫോണിക്‌സ്, വെർട്ടിക്കൽ ഗാർഡനിങ് രീതികൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇക്കൊല്ലത്തെ വിളവെടുപ്പുത്സവത്തിൽ വേറിട്ട് നിന്നത്. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, പച്ചമരുന്നുകൾ എന്നിങ്ങനെ 49 വ്യത്യസ്ത ഇനങ്ങൾ വിളയുന്ന ഹാബിറ്റാറ്റ് ക്യാമ്പസ്സിൽ നിന്നും ഇക്കൊല്ലത്തെ മൊത്തം വിളവ് രണ്ട് ടൺ കടക്കുമെന്നാണ് സ്‌കൂൾ അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെയും അധ്യാപകരുടെയും മനസ്സ് പോലെ വിളവും ഇക്കുറിമാനം തൊട്ടു. കൃഷി നടത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആയിരുന്നു വിളവെടുപ്പുത്സവം.

മൽസ്യടാങ്കിൽ നിന്നുള്ള വെള്ളം പുനരുപയോഗം നടത്തി കൃഷിക്ക് സജ്ജമാക്കുന്ന രീതിയാണ് അക്വാഫോണിക്‌സ്. മതിലുകളിലോ കൃത്രിമ തട്ടുകളിലോ കുത്തനെ കൃഷിയിടം ഒരുക്കുന്ന രീതിയാണ് വെർട്ടിക്കൽ ഗാർഡനിങ്. ചട്ടികളും പ്ലാസ്റ്റിക് ബോട്ടിലുകളും ആയിരുന്നു അൽ തല്ലയിൽ ഉപയോഗിച്ചത്. സ്‌ട്രോബറിയും പൂക്കളും ആണ് ഈ വെർട്ടിക്കൽ ഗാർഡനിങ് ഉപയോഗിച്ച് കൃഷി ചെയ്തത്.
തീർത്തും ജൈവ കൃഷി രീതികൾ മാത്രം അവലംബിച്ചാണ് വിഭവങ്ങൾ ഉൽപ്പാദിപ്പിച്ചത്. അൽ തല്ല ക്യാമ്പസിലെ വിദ്യാർഥികൾക്ക് പുറമെ അവരുടെ അമ്മമാർക്കും രണ്ട് സെൻറ് വീതമുള്ള സ്ഥലം തിരിച്ചു നൽകി കൃഷിചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. കീടനാശിനിയും രാസ വളപ്രയോഗവുമില്ലാതെ വിളഞ്ഞ ശുദ്ധ പച്ചക്കറികൾക്ക് ആവശ്യക്കാരും ഏറെയെത്തി. കപ്പ, കാബേജ്, വഴുതന, വെണ്ട, പാവക്ക, മരച്ചീനി, കാപ്‌സിക്കം, മുളക്, പയർ, ചീര, മുരിങ്ങ, ഉരുളക്കിഴങ്ങ്, ചോളം, അഗസ്തിചീര, അഗസ്തിപൂവ്, തക്കാളി, ചെറിയഉള്ളി, ചെരക്ക, കുമ്പളം, മത്തൻ, പടവലം മുതലായ വിഭവങ്ങളാണ് ഇത്തവണത്തെ ഉത്സവത്തിൽ പ്രധാനമായും കൊയ്തത്. ഇവ ആവശ്യക്കാർക്ക് പ്രത്യേക കവറുകളിലൂടെ ലഭ്യമാക്കി. ഫാർമിങ് കോ ഓർഡിനേറ്റർ മിനി ഏലിയാസിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന കേവലമായ ഉത്പന്നങ്ങൾ എന്നതിലപ്പുറം മനുഷ്യന്റെ അദ്ധ്വാനവും ശുശ്രൂഷയും കൊണ്ട് വിളയുന്ന ജീവന്റെ തന്നെ ആധാരമാണ് കാർഷിക വിഭവങ്ങൾ എന്ന തിരിച്ചറിവ് പ്രവാസലോകത്തെ പുതിയ തലമുറക്ക് നഷ്ടമാകുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും നഗര കേന്ദ്രീകൃത ജീവിതത്തിൽ അറ്റുപോകുന്നുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഹാബിറ്റാറ്റ് സ്‌കൂളുകൾ സ്വീകരിക്കുന്ന ഈ നീക്കം വരും തലമുറക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാബിറ്റാറ്റ് എം ഡി ഷംസു സമാൻ പറഞ്ഞു. പതിവ് പോലെ ‘ഹാബിറ്റാറ്റ് ഫോർ ഹോപ്’ എന്ന പേരിലുള്ള ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയിലേക്കാണ് വിളവ് വിറ്റുകിട്ടിയ തുക എത്തിച്ചേരുന്നത്. ഈ തുക റെഡ് ക്രസൻറ് ഗ്രൂപ്പിന് കൈമാറുമെന്ന് സി ഇ ഒ (അക്കാദമിക്) സി ടി ആദിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രിൻസിപ്പൽ മറിയം നിസാർ, വൈസ് പ്രിൻസിപ്പൽ ഹുമ അത്ഹർ ഷാനുൽ ഇസ്‌ലാം, ഫാമിങ് അധ്യാപിക ലിജി ബൈജു തുടങ്ങിയവർ വിളവെടുപ്പിനോടനുബന്ധിച് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.