‘പദ്മാവത്’ ഇന്ന് തിയറ്ററുകളിലേക്ക്; ബിജെപി സംസ്ഥാനങ്ങളില്‍ അക്രമം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമൊടുവിൽ വിവാദ ബോളിവുഡ് ചിത്രം ‘പദ്മാവത്’ ഇന്ന് തിയറ്ററിലേക്ക്. ഇതിനിടയിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം. കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

തിയറ്ററുകള്‍ക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. രാജസ്ഥാനില്‍ വ്യാപക അക്രമത്തെ തുടര്‍ന്ന് ഡല്‍ഹി-ജയ്പുര്‍ പാതയില്‍ ഗതാഗതം മുടങ്ങി. അക്രമികള്‍ ടയറുകള്‍ കത്തിച്ച്‌ ഡല്‍ഹി-അജ്മീര്‍ പാതയിലെ ഗതാഗതം തടഞ്ഞു. അക്രമണം രൂക്ഷമായതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്തോര്‍കോട്ട അടച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്കൂള്‍ ബസിനുനേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു. ജിഡി ഗോയങ്ക വേള്‍ഡ് സ്കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നത്. ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. കൂടാതെ മറ്റൊരു ബസ് കത്തിച്ചു. ഗുജറാത്തില്‍ അക്രമസംഭവങ്ങളില്‍ 100 പേര്‍ക്കെതിരെ കേസെടുത്തു.

വ്യാപക അക്രമം തുടരുന്നതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മള്‍ട്ടിപ്ലക്സുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. എന്തുവില കൊടുത്തും ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് കര്‍ണിസേന ആവര്‍ത്തിച്ചു.

‘പദ്മാവത്’ റിലീസ് ചെയ്യാന്‍ രജ്പുത് സംഘടനകള്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്രസിങ് കല്‍വി വീണ്ടും ഭീഷണി മുഴക്കി. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘ ‘പദ്മാവതി’യുടെ പേര് ‘ ‘പദ്മാവത്’ എന്ന് തിരുത്തിയതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച എല്ലാ മാറ്റവും വരുത്തിയാണ് റിലീസ് ചെയ്യുന്നത്.