സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മർദ്ദനം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് ശങ്കരന്‍കോവില്‍ സ്വദേശിയായ മണികണ്ഠന്‍(21) ആണ് പൊതു ജനമധ്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ചെന്നൈ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

പൊലീസ് തന്നെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. ലൈസന്‍സ് പിടിച്ചുവാങ്ങി. വാക്ക് തര്‍ക്കത്തിനിടെ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് അതിക്രമത്തിനു പിന്നാലെ മണികണ്ഠന്‍ കാറില്‍ സൂക്ഷിച്ച ഇന്ധനം ശരീരത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

രാജീവ് ഗാന്ധി സാലയില്‍ പരിശോധനക്കിടെ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ പിഴ ചുമത്തുകയും പിഴ അടച്ചതിനുശേഷം ഇയാള്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സംഭവത്തിന് കാരണക്കാരായ എസ്‌ഐക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ചെന്നൈ പൊലിസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ജോലിയില്‍ തുടരേണ്ടെന്ന് എസ്.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.