ദുബായില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച ഇരുപത്തൊന്നുകാരന്റെ ജയില്‍ ശിക്ഷ ഏഴുവര്‍ഷമാക്കി ഉയര്‍ത്തി

ദുബായ്: കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോവുകയായിരുന്ന ഏഴുവയസ്സുകാരിയെ കോണിച്ചുവട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 21കാരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. ദുബയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തേ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരേ ശിക്ഷാകാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഈജിപ്തുകാരനായ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചത്. അതേസമയം, ഇയാള്‍ക്ക് നല്‍കിയ ശിക്ഷ പോരെന്നും കൂടുതല്‍ കര്‍ക്കശമായ ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷനും കോടതിയെ സമീപിക്കുകയായിരുന്നു. പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ച അപ്പീല്‍ കോടതിയാണ് ഇയാളുടെ ജയില്‍ ശിക്ഷ ഏഴ് വര്‍ഷമായി വര്‍ധിപ്പിച്ചത്. ഇതിനു പറമെ, ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഇയാളെ നാട്ടിലേക്ക് കയറ്റിവിടാനും കോടതി ഉത്തരവിട്ടു.

2016 ഡിസംബറില്‍ ദുബയ് ഇന്റര്‍നാഷനല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴുവയസ്സുകാരിയായ കുട്ടി തൊട്ടടുത്ത ഫ്ളാറ്റുകളിലെ കുട്ടികളോടൊത്ത് കളിക്കുന്നതിനായി ഗെയിംസ് ഏരിയയിലേക്ക് പോകുന്ന വഴിയാണ് പാചകക്കാരനായ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം മറ്റാരോടും പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പേടിച്ചരണ്ട കുട്ടി കളിക്കാന്‍ പോകുന്നതിന് പകരം നേരെ വീട്ടിലേക്ക് വന്ന് പിതാവിനോട് കാര്യം പറയുകയായിരുന്നു. ഉടന്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കുട്ടി നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിയുകയും ചോദ്യം ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ പോലിസിനോട് കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചെങ്കിലും കോടതിയില്‍ നിരപരാധിയാണെന്ന് വാദിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല.

ആഗസ്തിലായിരുന്നു ഇയാള്‍ക്ക് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇയാള്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് നാലുവര്‍ഷം കൂടി ശിക്ഷ കൂട്ടിക്കിട്ടുകയായിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരേ 30 ദിവസത്തിനകം സെസേഷന്‍ കോടതി മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരമുണ്ട്.