ഫെയ്സ്ബുക്കിനും, ഗൂഗിളിനുമെതിരെ ആഞ്ഞടിച്ച് ജോര്‍ജ് സോറോസ് രംഗത്ത്

ദാവോസ്: ഫെയ്സ്ബുക്കിനും, ഗൂഗിളിനുമെതിരെ ആഞ്ഞടിച്ച് പ്രമുഖ വ്യവസായിയായ ജോര്‍ജ് സോറോസ് രംഗത്ത്. സോഷ്യല്‍ മീഡിയകളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് പ്രഖ്യാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ദാവോസ് ആണെന്നും, ഉപയോക്താക്കളെ വഞ്ചിക്കുന്നതിനുള്ള ശക്തി ഫെയ്സ്ബുക്കിനും, ഗൂഗിളിനും ഉണ്ടെന്നും, ഏകാധിപത്യ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ലോക സാമ്പത്തിക ഫോറ വേദിയില്‍ ജോര്‍ജ് സോറോസ്. എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ശതകോടി നിക്ഷേപകനും കാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസിന്റെ പ്രസ്താവന.

അമേരിക്കന്‍ ഐടി കുത്തകകളുടെ ആഗോള ആധിപത്യം തകര്‍ന്നടിയുന്നതിനു മുമ്പുള്ള കുറച്ചു സമയം മാത്രമാണിതെതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഏകാധിപത്യ ശക്തിയായി ഫെയ്സ്ബുക്കും, ഗൂഗിളും വളര്‍ന്നിരിക്കുന്നു. എന്നാല്‍ അന്തരീക്ഷത്തെ ചൂഷണം ചെയ്താണ് കമ്പനികള്‍ ലാഭം കൊയ്യുന്നത്. ആളുകള്‍ അറിയാതെ തന്നെ സോഷ്യല്‍ മീഡിയ അവരുടെ ചിന്തയെയും പെരുമാറ്റത്തെയും സ്വാധീനിക്കുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും സോറോസ് കൂട്ടിച്ചേർത്തു.

ഗൂഗിളിനെ അപേക്ഷിച്ച്‌ ദാവോസില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഫെയ്സ്ബുക്കിനാണ്. മുന്‍ നിക്ഷേപകരും ജീവനക്കാരും ഉള്‍പ്പടെ നിരവധി ആളുകളാണ് ഫെയ്സ്ബുക്കിനെതിരെ ആഞ്ഞടിച്ചത്. മികച്ച മത്സരം നിലനിര്‍ത്തുന്നതിനും, പുതുമയ്ക്കും, ന്യായവും, തുറന്നതുമായ ആഗോള സാഹചര്യം ഒരുക്കുന്നതിനും കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.