‘പിഴവുള്ള ജനാധിപത്യം’ കാറ്റഗറിയില്‍ രാജ്യം; തിരിച്ചടിയായത് യാഥാസ്ഥിതിക മതചിന്തകളുടെ കടന്നുവരവും, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍

യു.കെ: ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയ്യാറാക്കിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍. 167 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഇത്തവണ 42ാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 32ാം സ്ഥാനമായിരുന്നു. യാഥാസ്ഥിതിക മതചിന്തകളുടെ കടന്നുവരവും, ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലിയ തോതില്‍ നടക്കുന്ന ആക്രമണങ്ങളുമാണ് ഇന്ത്യയെ ഏറെ പിന്നിലാക്കിയിരിക്കുന്നത്.

നോര്‍വെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഐസ്ലന്റ്, സ്വീഡന്‍, എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ഉത്തരകൊറിയ 167ാം സ്ഥാനത്താണ്. യു.കെ ആസ്ഥാനമായുള്ള മാധ്യമസ്ഥാപനമായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വീഭാഗമാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്. തെരഞ്ഞെടുപ്പ് പ്രക്രിയ, പൗര സ്വാതന്ത്ര്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. രാജ്യങ്ങളെ സമ്പൂര്‍ണ ജനാധിപത്യം, പിഴവുള്ള ജനാധിപത്യം, മിശ്ര ജനാധിപത്യം, സ്വേച്ഛാധിപത്യം എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്ക, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, സിങ്കപ്പൂര്‍, ഹോങ്കോംഗ് എന്നീ രാഷ്ട്രങ്ങള്‍ പിഴവുള്ള ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ്. പട്ടികയില്‍ ആദ്യ 19 സ്ഥാനങ്ങളിലെത്തിയവയാണ് സമ്പൂര്‍ണ ജനാധിപത്യ രാജ്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. കിംഗാ ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയാണ് പട്ടികയില്‍ അവസാന സ്ഥാനം നേടിയത്.

പിഴവുള്ള ജനാധിപത്യം എന്നതിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യത്തില്‍ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും രാഷ്ട്രീയം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഭാഗികമാണെന്നും സൂചിക വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ ചത്തീസ്ഗഢ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.