സ്വകാര്യ ആശുപത്രികള്‍ക്ക് മേല്‍ ഇനി സര്‍ക്കാര്‍ നിയന്ത്രണം; ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ കേരള നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: ചികിത്സാ സ്ഥാപനങ്ങളുടേയും മെഡിക്കല്‍ ലബോറട്ടറികളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി കൊണ്ടു വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ ബില്‍ കേരള നിയമസഭ പാസ്സാക്കി. സബ്ജക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ പാസായത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. പുതിയ നിയമം അനുസരിച്ച് എല്ലാ ആശുപത്രികളും അവര്‍ നല്‍കുന്ന സേവനങ്ങളും അതിന് ഈടാക്കുന്ന ഫീസും രോഗികള്‍ കാണും വിധം കൃത്യമായി രേഖപ്പെടുത്തി വയ്ക്കണം. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കായുള്ള കൗണ്‍സിലില്‍ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുകയും വേണം.

പ്രാഥമിക ചികിത്സയും രോഗനിര്‍ണയവും മാത്രം നടത്തുന്ന സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സായുധസേനകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല. ചെറുകിട ആശുപത്രികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം കൊണ്ടു വരുന്നത് ഉചിതമായിരിക്കില്ലെന്ന നിയമസഭാ സമിതിയുടെ നിഗമനത്തെ തുടര്‍ന്നാണ് ചെറുകിട സ്ഥാപനങ്ങളെ ബില്ലില്‍ നിന്നൊഴിവാക്കിയത്. ഇപ്രകാരം പത്ത് കിടക്കകള്‍ വരെയുള്ള ആശുപത്രികളും ക്ലിനിക്കുകളും ബില്ലിന്റെ പരിധിയില്‍ നിന്നൊഴിവാക്കും.

.