തംസ്-അപ് ആഗോള വിപണിയിലേക്ക് ചുവട് വയ്ക്കുന്നു; ഏഷ്യന്‍ വിപണികളില്‍ മാർച്ചുമാസത്തിൽ വിപണിയിലെത്തും

ന്യൂഡൽഹി: തംസ്-അപ് ആഗോള വിപണിയിലേക്ക് ചുവട് വയ്ക്കുന്നു. ആദ്യഘട്ടം ഏഷ്യന്‍ മാര്‍ക്കറ്റിലാണ് ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള കോള ബ്രാന്‍ഡ് ആയ തംസ്-അപ് പുറത്തിറക്കുക. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വരുന്ന മാര്‍ച്ചോടെ ഉല്‍പന്നം വിപണന സജ്ജമാവുമെന്ന് ‘കൊക്കകോള ഇന്ത്യ’ അറിയിച്ചു. കൊക്കകോള നടത്തിയ സര്‍വേ പ്രകാരം ഭക്ഷണ പാനീയങ്ങളില്‍ ഇന്ത്യക്കാരുടേതിന് സമാനമായ അഭിരുചി പുലര്‍ത്തുന്നവരാണ് പ്രസ്തുത രാജ്യങ്ങള്‍ എന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ജനപ്രീതിയുള്ള ഉല്‍പന്നം അയല്‍ രാജ്യങ്ങളിലും വിജയകരമാവും എന്ന പ്രതീക്ഷയിലാണ് കമ്പനി.

1977 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള തംസ് അപ് 1993 ലാണ് ‘പാര്‍ലെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ല്‍നിന്ന് ബഹുരഷ്ട്ര കമ്പനിയായ കൊക്കകോള സ്വന്തമാക്കുന്നത്. പാര്‍ലെയുടെ തന്നെ മറ്റൊരു ബ്രാന്‍ഡായ ‘മാസ’ (Maaza) യും ഇപ്പോള്‍ കൊക്കകോളയുടെ ഉടമസ്ഥതയിലാണ്.