ജഡ്ജി ബിഎച്ച്‌ ലോയയുടെ മരണം; ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ജഡ്ജി ബിഎച്ച്‌ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ബോംബെ ലോയേഴ്സ് അസോസിയേഷന്റേതടക്കം ഹര്‍ജിക്കാരുടെ വാദം ഇന്നും തുടരും.

മുംബൈ സിബിഐ കോടതി ജഡ്ജിയായിരുന്ന ബി എച്ച്‌ ലോയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റക്കാരനായ സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൾ. എന്നാല്‍ ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.

ലോയയുമായി അവസാന നാളുകളില്‍ സംസാരിച്ചിരുന്ന രണ്ടു പേരുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്തായിരിക്കണം കേസിന്റെ ഉത്തരവെന്ന് ചിലര്‍ എഴുതി നല്‍കിയെന്നും തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ടെന്നും ലോയ പൊതുപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും ലോയയുടെ മരണത്തെ പറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.