വടയമ്പാടിയിൽ വീണ്ടും പോലീസ് കാവലിൽ ആർ.എസ്.എസ്. അതിക്രമം: റിപ്പോർട്ട് ചെയ്യാനെത്തിയ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി

വടയമ്പാടി:വടയമ്പാടിയിൽ സമരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ലേഖികയെയും ഫോട്ടോഗ്രാഫറേയും വളഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമരത്തെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ലേഖിക ഗോപിക ഐ.എസ്. , ഫോട്ടോ ഗ്രാഫർ എ.ഷിജിത് എന്നിവരെയാണ് എൻ.എസ്.എസ്. നേതാക്കളും ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ സംഘടിച്ചിട്ടുള്ളവരും ആക്രമിച്ചത്. കെ.പി.എം.എസ്. നേതാക്കളായ ടി.വി.ബാബുവും നീലാണ്ടൻ മാസ്റ്ററും കോളനി മൈതാനം സന്ദർശിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

ദളിത് സ്വാഭിമാന കൺവെൻഷൻ തടയാൻ ശ്രമിച്ച ഹിന്ദുത്വ ഫാസിസ്റ്റ് സംഘത്തിനും പോലീസിനും കനത്ത തിരിച്ചടി ഏൽപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വൻ ജനപങ്കാളിത്തത്തോടു കൂടി ചൂണ്ടിയിൽ കൺവെൻഷൻ നടക്കുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തതിൽ അസഹിഷ്ണുത പൂണ്ട ഇവർ പ്രദേശത്ത് ഭീകരത അഴിച്ച് വിട്ട് സമരത്തെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നത്. സമാധാന അന്തരീക്ഷം നിലനിർത്താൻ നിയമപരമായ ബാധ്യതയുള്ള പോലീസ് അതിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് നിരന്തരമായി ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെ ധിക്കാരപൂർവ്വം അവഗണിച്ച് സവർണ്ണ ശക്തികളുടെ ആക്രമണങ്ങളെ പിൻതുണയ്ക്കുകയാണ് ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്.

സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നുമെത്തിയ ആർ.എസ്.എസ്. പ്രവർത്തകർ വടയമ്പാടിയിൽ കേന്ദ്രീകരിച്ച് ഭീകരത സൃഷ്ടിക്കുകയാണ്. ഇവർക്കും അവിടെ തമ്പടിച്ച പോലീസിനും എൻ.എസ്.എസ്. കരയോഗം ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കികൊടുക്കുന്നു. ഇവർ തമ്മിലുള്ള നിയമവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കൂട്ടുകെട്ടാണ് ഇതിലൂടെ വ്യക്തമാവുന്നത്.