സ്വകാര്യ വീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ആറുപേർ അറസ്റ്റിൽ

സ്വകാര്യ വീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറുപേർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും വിലെ പാര്‍ലെ സ്വദേശിയുമായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് ഒമ്പത് പേരില്‍ ഒരാളായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കളായ എട്ട് പേര്‍ക്ക് അയച്ച്‌ കൊടുത്തു. ഇവര്‍ എല്ലാവരും വീഡിയോ ദൃശ്യം കാണിച്ച്‌ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കളെ പ്രതികള്‍ ആക്രമിക്കുന്നത് ഭയന്നാണ് ഇത്രയും കാലം സംഭവം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികള്‍ എല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമവാസികളാണ്. പ്രതികളുടെ ശല്യം സഹിക്കാനാവതെ പെണ്‍കുട്ടി അമ്മയോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പ്രതികളുടെ പേരില്‍ പോക്സോ നിയമം, ഐ.പി.സി 376ാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.