കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ട്; സംഘിസ്ഥാന്‍ സ്ഥാപിക്കാമെന്നത് ആർ.എസ്.എസിന്റെ വ്യാമോഹം: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ചിന്തകന്‍മാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുമൊക്കെ അക്രമിച്ച് ഇല്ലാതാക്കാനാണ് ശ്രമമെന്നും ആര്‍.എസ്.എസ് സംഘപരിവാരത്തെ കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ടെന്നും ഇവിടെ സംഘിസ്താന്‍ സ്ഥാപിക്കാമെന്ന വ്യാമോഹമാണ് അവര്‍ക്കുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍.എസ്.എസ് ആക്രമത്തെ അപലപിച്ചുകൊണ്ടുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം:

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആര്‍.എസ്. എസ് സംഘപരിവാരം നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കൊല്ലം കടയ്ക്കലിലെ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് കവി, ആര്‍.എസ്. എസ് ആക്രമണത്തിനിരയായത്.

ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആര്‍.എസ്.എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകന്‍മാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുമൊക്കെ ആക്രമിച്ച് ഇല്ലാതാക്കി, സംഘിസ്ഥാന്‍ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആര്‍. എസ്. എസ് സംഘപരിവാരത്തെ കൂടുതല്‍, കൂടുതല്‍ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ട്.