സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയത് ബിജെപി പ്രസിഡണ്ടിന്റെ വാഹനം, കുമ്മനം ഒന്നര ലക്ഷം രൂപ പിഴയടക്കണം

സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയത് ബിജെപി പ്രസിഡണ്ടിന്റെ വാഹനം.ഇതിന്റെ അടിസ്ഥാനത്തിൽ കുമ്മനം രാജശേരൻ ഒന്നര ലക്ഷം രൂപ പിഴയടക്കണം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് വാഹനങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയിരിക്കുന്നത്. വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വിവരാവകാശ പ്രവര്‍ത്തകന്‍ സി.എസ് ഷാനവാസ് ആണ് ഇക്കാര്യം പുറത്തു കൊണ്ടുവന്നത്.

ഷാനവാസ് നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് മറുപടി നല്‍കിയിരിക്കുന്നത്. കെഎല്‍ ബി.ക്യു 8035 എന്ന വാഹനം 58 തവണ നിയമലംഘനം നടത്തിയതായാണ് വിവരാവകാശ മറുപടി. മോട്ടോര്‍ വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിന് ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ.

പിന്നീട് നിയമലംഘനം ആവര്‍ത്തിക്കുന്ന ഓരോ തവണയും 1000 രൂപ ഡ്രൈവറും 500 രൂപ ഉടമയും അടയ്ക്കണം. 58 തവണത്തെ നിയമലംഘനത്തിനായി ഈ വാഹനം 86200 രൂപ പിഴ അടയ്ക്കേണ്ടതാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെ.എല്‍ ബിക്യു 7563 എന്ന മറ്റൊരു വാഹനം 38 തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. ഈ വാഹനം 56200 രൂപ പിഴ അടയ്ക്കണം. മൊത്തം 1,42,400 രൂപയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അടയ്ക്കേണ്ടത്.

പിഴ തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് മറുപടി. അതേസമയം ഒന്നര ലക്ഷം രൂപയോളം വരുന്ന പിഴ തുക പിടിച്ചെടുക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഷാനവാസ് പറഞ്ഞു. ലൈസന്‍സ് റദ്ദാക്കേണ്ട വിധത്തിലുള്ള നിയമലംഘനമാണ് നടന്നിരിക്കുന്നതെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു