പാക് ഭീകരനെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ സഹായിച്ച നാലുപേര്‍ അറസ്റ്റിലായി

ശ്രീനഗര്‍: പാക് ഭീകരനെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ സഹായിച്ച നാലുപേര്‍ അറസ്റ്റിലായി. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആശുപത്രിയില്‍നിന്ന് രക്ഷപെട്ടത്. സംഭവത്തിന് പിന്നിലെ ഗൂഢോലോചന അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചതിനെ പിന്നാലെയാണ് നാലുപേര്‍ അറസ്റ്റിലായത്.

നവീദ് ജാഠ് എന്നപേരില്‍ അറിയപ്പെടുന്ന അബു ഹന്‍സുള്ളയെ രക്ഷപെടുത്താന്‍ നാലുമാസം മുമ്പുതന്നെ ഗൂഢാലോചന തുടങ്ങിയതായി അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി മുനീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേരും അവരുടെ രണ്ട് സഹായികളും അടക്കം നാലുപേരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പുല്‍വാമയിലുള്ള കോടതിയില്‍നിന്ന് ഭീകരനെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി തവണ ജയിലില്‍ എത്തി ഇവര്‍ ഭീകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരന്‍ നാടകീയമായി രക്ഷപെട്ടത്.