നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികം; പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ട: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: നാല് വിമാനത്താവളങ്ങള്‍ തന്നെ കേരളത്തിന് അധികമാണ്, പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല, പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെയ്ക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അഞ്ചാമത് വിമാനത്താവളം പശ്ചിമഘട്ടത്തില്‍ സ്ഥാപിക്കാന്‍ ആലോചന നടക്കുന്നു. കേരളത്തിന്റെ വനഭൂമിയും പ്രകൃതി സൗന്ദര്യവും നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്ന് വെക്കണം, അടൂര്‍ പറയുന്നു.

കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മറ്റുള്ളവര്‍ വാഴ്ത്തിപ്പാടുമ്പോള്‍ മലയാളികള്‍ പ്രകൃതിയെ നശിപ്പിക്കുന്ന തിരക്കിലാണ്. 47 നദികള്‍ ഒഴുകുന്ന കേരളത്തില്‍ കുടിവെള്ളം പോലും ഇല്ലാത്ത സാഹചര്യമാണ്. ക്വാറികളും മണല്‍ ഖനനവും കേരളത്തിന്റെ പ്രകൃതിഭംഗിയെ നശിപ്പിക്കുന്നു. ലാഭകരം അല്ലാത്തതിനാല്‍ നെല്‍കൃഷി ഉപേക്ഷിച്ചു. ഇവയൊക്കെ വിനാശകരമാണെന്നു അടൂര്‍ ചൂണ്ടിക്കാട്ടി. ഓയിസ്ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്ററും കളമശേരി സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രോണര്‍ഷിപ്പും (സൈം) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓയിസ്ക ഗ്ലോബല്‍ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.