ജോലി സ്ഥലത്ത് ലൈംഗിക പീഡനം; ഷീബോക്സില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ പരാതി അറിയിക്കാനുള്ള ഷീബോക്സില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കേരളത്തില്‍ നിന്ന്. നാല് പരാതികള്‍. മൂന്ന് പരാതികളുമായി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്.തെലങ്കാനയില്‍ നിന്ന് രണ്ടും ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ബാക്കിയുള്ള പരാതികള്‍ ലഭിച്ചത്.

തുടക്കത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഷീ ബോക്സില്‍ പരാതി നല്‍കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്കും പരാതി സമര്‍പ്പിക്കാം. ആശയവിനിമയ വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്.മൂന്ന് മാസങ്ങള്‍ക്കിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 25 സ്ത്രീകള്‍ ഷീബോക്സില്‍ പരാതി നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.