മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്, യുവ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സമ്മർദവുമായി യൂത്ത് ലീഗ്

മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്നതിനായി ചേരുന്ന യോഗത്തില്‍ പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഭാരവാഹികളില്‍ യൂത്ത് ലീഗ് ഭാരവാഹികളെ ഉള്‍പ്പെടുത്തണമെന്ന അവരുടെ ആവശ്യമൊഴിച്ചാല്‍ മറ്റ് വിഭാഗീയ പ്രശ്ങ്ങള്‍ ഒന്നും തന്നെ സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയില്ല.

ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ യുവ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ യൂത്ത് ലീഗിന്റെ സമ്മര്‍ദമുണ്ട്. അതിനാല്‍ തന്നെ ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയെ ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ട്രഷറര്‍ പി.കെ.കെ. ബാവ ആരോഗ്യപരമായ കാരണങ്ങളാല്‍ മാറാനും സാധ്യതയുണ്ട്. ജില്ലാ നേതാക്കന്മാര്‍ക്കിടയിലെ വിഭാഗീയത കാരണം ഭാരവാഹി തെരഞ്ഞെടുപ്പ് വൈകിയതിനാല്‍, ലീഗില്‍ സംഘടന തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തോളം നീണ്ടുപോയ സാഹചര്യമാണ് നിലവിലുള്ളത്.