കുരീപ്പുഴക്കെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മതവിദ്വേഷപരാതിയിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതവിദ്വേഷപരാതിയിൽ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നാണ് കുമ്മനത്തിന്റെ ചോദ്യം.

കൊല്ലം കടയ്ക്കലിൽ കൈരളീ ഗ്രന്ഥശാലാ വാർഷികത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബി.ജെ.പി പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴ അങ്ങനെ പ്രസംഗിച്ചില്ലെന്നാണ് പോലീസ് നിലപാട്. എന്നാൽ കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തുവെന്ന് കേസെടുത്ത് ആറു ബി.ജെ.പിക്കാരെ അറസ്റ്റും ചെയ്തു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.