കൊച്ചി മെട്രോയില്‍ ശമ്പളത്തര്‍ക്കം: കെ.എം.ആര്‍.എല്‍ – കുടുംബശ്രീ ചര്‍ച്ച 20ന്

കൊച്ചി: ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കെഎംആര്‍എല്‍ പിടിച്ചുവയ്ക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന്‍ കെ.എം.ആര്‍.എല്‍ – കുടുംബശ്രീ ചര്‍ച്ച 20ന് നടക്കും. കുടുംബശ്രീ എം.ഡിയും കെ.എം.ആര്‍.എല്‍ എം.ഡിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ആറ് ദിവസം ജോലിചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ശമ്ബളത്തോടുകൂടിയ അവധിദിനത്തിലെ വേതനം സംബന്ധിച്ചാണ് കുടുംബശ്രീയും കെ.എം.ആര്‍.എലുമായി തര്‍ക്കം ഉണ്ടായത്.

‘പെയ്ഡ് ഓഫ് സാലറി” ഇനത്തില്‍ നാല് മാസമായി ഒരു രൂപപോലും കെ.എം.ആര്‍.എല്‍ നല്‍കിയിട്ടില്ലെന്ന് കൊച്ചി മെട്രോയിലേക്കു കുടുംബശ്രീ വനിതകളെ നിയോഗിച്ച ഏജന്‍സിയായ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ ദില്‍രാജ് പറഞ്ഞു. 37 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കെ.എം.ആര്‍.എല്‍ നല്‍കാനുള്ളത്. കുടുംബശ്രീ ഫണ്ടില്‍നിന്നാണ് ഈ തുക ഇതുവരെ നല്‍കിയത്.

28 ഭിന്നലിംഗക്കാര്‍ ഉള്‍പ്പടെ 700 കുടുംബശ്രീ പ്രവര്‍ത്തകരാണ് മെട്രോയില്‍ വിവിധ വിഭാഗങ്ങളിലായി തൊഴിലെടുക്കുന്നത്. ഹൗസ് കീപ്പിങ്, ക്ലീനിംഗ്, കസ്റ്റമര്‍കെയര്‍ വിഭാഗങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കു 492 രൂപയും ടിക്കറ്റിങ്, സൂപ്പവൈസിംഗ് വിഭാഗത്തില്‍ 531 രൂപയുമാണു ദിവസവേതനം. ഇതില്‍ 134 രൂപവീതം ഇവരുടെ ഇ.എസ്‌.ഐ, പി.എഫ് ഇനത്തില്‍ ഏജന്‍സി അടയ്ക്കുന്നുണ്ട്. ഒരു മാസം ജോലിചെയ്താല്‍ ആദ്യ വിഭാഗക്കാര്‍ക്ക് പെയ്ഡ് ഓഫ് സാലറികൂടി ഉള്‍പ്പെടെ 10,024 രൂപയും രണ്ടാം വിഭാഗക്കാര്‍ക്ക് 11,144 രൂപയും ശമ്പളം നല്‍കണം. എന്നാല്‍ നാലു മാസമായി 30 ശതമാനം കുറച്ചുള്ള തുകയാണ് കെ.എം.ആര്‍.എല്‍ നല്‍കുന്നതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു.