അഡാര്‍ ലവിലെ നായിക സുപ്രിം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്ത സംഭവത്തെ ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്തതോടെയാണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും പ്രിയ കോടതിയിൽ സമർപ്പിച്ച ഹർജിൽ ആവശ്യപെടുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മുസ്ലിം മതവിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. തുടർന്ന് പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒമര്‍ ലുലുവിന് തെലങ്കാന പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഹൈദരാബാദിന് പുറമെ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലും ഗാനത്തിനെതിരെ പരാതികൽ ഉയർന്നിരുന്നു.
ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മതമൗലികവാദികളുടെ കടുത്ത ആക്രമണം ഉണ്ടായതിനാൽ ഗാനം ചിത്ത്രതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്കും അണിയറപ്രവര്‍ത്തകര്‍ എത്തി. എന്നാൽ വന്‍പിന്തുണയുമായി പ്രേക്ഷകര്‍ എത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.