സർക്കാരിന്റെ കടുപ്പിച്ച നിലപാടിന് പിന്നാലെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി

കൊച്ചി: വിദ്യാര്‍ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ സർക്കാർ കടുത്ത നിലപാടിലേക്ക് നീങ്ങുന്നതോടെ ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്‍മാറി. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങി. മറ്റ് ജില്ലകളിലും ബസുകള്‍ ഓടിതുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമരത്തെ തുടര്‍ന്ന് ബസ് ഉടമകള്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. ബസ് ഉടമകള്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ബസ് ഒാണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. മിനിമം യാത്രാ നിരക്ക് ഏഴില്‍ നിന്ന് എട്ടു രൂപയിലേക്ക് ഉയര്‍ത്തിയിട്ടും സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത പ്രതിഷേധമുണ്ട്.