ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു, ഷുഹൈബിനെ കൊലപ്പെടുത്താനുള്ള നിർദ്ദേശം ഡിവൈഎഫ്ഐ നേതാവിൽ നിന്ന്; സിപിഎമ്മിനെതിരെ ആകാശ് തില്ലങ്കരിയുടെ മൊഴി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മിനെതിരെ പ്രതികളുടെ മൊഴി. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് എടയന്നൂരിലെ ഒരു ഡി.വൈ.എഫ്.ഐ നേതാവാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി സഹായം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും പൊലീസ് പിടിയിലായ ആകാശ് തില്ലങ്കരിയുടെ മൊഴിയില്‍ പറയുന്നു.

അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് കടന്നത് . കൂട്ടത്തിലുള്ള മറ്റൊരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത് അത് എങ്ങോട്ടാണെന്ന് അറിയില്ല.

എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞു പിരിഞ്ഞു . പ്രതികളെ നല്‍കിയാല്‍ കൂടുതല്‍ പോലീസ് അന്വേഷിക്കില്ല.അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്നും നേതാക്കള്‍ പറഞ്ഞതായും ആകാശ് പൊലിസിനോട് വെളിപ്പെടുത്തി.