പ്രവാസികളുടെ ബഗേജുകളില്‍നിന്നു വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് കരിപ്പൂരിൽ നിന്നല്ല, ദുബായിൽ അന്വേഷണം ആരംഭിച്ചു

മലപ്പുറം : പ്രവാസികളുടെ ബഗേജുകളില്‍നിന്നു വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് കരിപ്പൂര്‍ വിമാനത്താവളത്തിലല്ലെന്നും ദുബായില്‍വച്ചാണെന്നും വ്യക്തമായി. കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍നിന്നാണ് ബാഗേജുകള്‍ നഷ്ടമായതെന്നു കരിപ്പൂര്‍ പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജുകളില്‍നിന്നാണു വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത്. വിമാനത്താവള അതോറിറ്റി, സി.ഐ.എസ്.എഫ്, പോലീസ് എന്നിവര്‍ വിമാനത്താവളത്തിലെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ചതില്‍നിന്നാണ് മോഷണം കരിപ്പൂരില്‍ നടന്നിട്ടില്ലെന്ന് ബോധ്യമായത്.
പരാതി ഉയര്‍ന്ന യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത് ദുബായിയിലാണ്. ദുബായ് വിമാനത്താവള അതോറിറ്റിയും സുരക്ഷാ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണം നടന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ദുബായ് റീജണല്‍ മാനേജരാണ് ദുബായ് പോലീസ്, ദുബായ് വിമാനത്താളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗങ്ങള്‍ക്കു പരാതി നല്‍കിയത്.
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂരിലെത്തിയ 20 യാത്രക്കാര്‍ക്ക് ബാഗേജുകളിലെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായാണു വിവരം. ചൊവ്വാഴ്ച ആറു യാത്രക്കാര്‍ക്കാണു സാധനങ്ങള്‍ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 20 പരാതികള്‍ ലഭിച്ചത്.
അതേസമയം, യാത്രക്കാരുടെ ബാഗേജിലെ സാധനങ്ങള്‍ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ എന്നിവരുമായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എംപിയുമായി ചര്‍ച്ച നടത്തിയത്.
വിഷയത്തില്‍ ദുബായ് പോലീസിന് പരാതി നല്‍കാന്‍ അധികൃതരോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിഷയം വ്യോമയാന മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.