ശ്രീദേവിയുടെ ബാത്ത്റൂമിലെ അവസാന 15 മിനിറ്റുകള്‍, ഇന്ത്യൻ ചാനലുകളുടെ ക്രൈംറിപ്പോർട്ടിങ് കണ്ട് അമ്പരന്ന് ലോക മാധ്യമങ്ങൾ #VIDEO

അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മരണം ഇന്ത്യയിലെ ചില ചാനലുകൾ ആഘോഷിക്കുകയായിരുന്നു. ദുബായ് പ്രസിദ്ധീകരണമായ ഖലീജ് ടൈംസ് ചോദിച്ചത് എന്തിനാണ് നിങ്ങള്‍ അറിയാത്ത കാര്യത്തിന്റെ വിധികര്‍ത്താക്കളാകുന്നതെന്നാണ്, അധികൃതര്‍ സത്യം കണ്ടെത്തും വരെ ക്ഷമയോടെ കാത്തിരിക്കാനും ഖലീജ് ടൈംസ് ഉപദേശിച്ചു.

ഇന്ത്യയിലെ ചില പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് എങ്ങനെയാണെന്ന് നോക്കാം,

ശ്രീദേവിയുടെ ബാത്ത്റൂമിലെ അവസാന 15 മിനിറ്റുകള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ഹിന്ദി ചാനലായ എബിപി ന്യൂസ് പ്രഖ്യാപനം നടത്തി .ബാത്ത് ടബ്ബും ശ്രീദേവിയുടെ ചിത്രം അതിന്റെ മുകളിലും. അവതാരകന്‍ ഈ ദൃശ്യത്തിന്റെ തൊട്ടടുത്ത് നില്‍ക്കുന്നു.ഇതായിരുന്നു ആജ്തക്കിന്റെ വാര്‍ത്താവതാരണം.

തെലുങ്കുചാനലായ ടിവി9 അല്‍പം കൂടി കടന്ന് ശ്രീദേവി ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതായും ബോണി കപൂര്‍ നോക്കി നില്‍ക്കുന്നതായുമുള്ള മോര്‍ഫ് ചെയ്ത ദൃശ്യം കാട്ടി.ബാത്ത്ടബ്ബിന് മുകളില്‍ മദ്യകുപ്പി വച്ച്‌ സീനുകളുടെ പുനഃസൃഷ്ടി നടത്തി ബോണി കപൂറിന് ക്ലീന്‍ ചിറ്റ് കിട്ടിയിട്ടില്ലെന്ന് സൂചിപ്പിക്കാനും ചാനല്‍ മടിച്ചില്ല.

ഇംഗ്ലീഷ് ചാനലുകളും പിന്നിലായില്ല.ബാത്ത്ടബ്ബില്‍ ശ്രീദേവി മരിച്ചുകിടക്കുന്ന ദൃശ്യം സിഎന്‍എന്‍ ന്യൂസ് 18 കാട്ടി. ടൈംസ് നൗവിന് ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസത്തില്‍ താല്‍പര്യം കൂടുതലായതുകൊണ്ട് ശ്രീദേവി ടബ്ബിനടുത്ത് നില്‍ക്കുന്നതും, അവരുടെ ഉയരവും ടബ്ബിന്റെ ആഴവും അടക്കം ആര്‍ക്കമഡീസ് പ്രിന്‍സിപ്പിള്‍ വരെ പ്രൈംടീമില്‍ വിശദീകരിച്ചു.റിപ്പബ്ലിക് ടിവി കിട്ടിയ അവസരം പാഴാക്കാതെ ശശിതരൂരിനോടുള്ള ദേഷ്യം തീര്‍ത്തു.ശ്രീദേവിയുടെ മരണം സുനന്ദപുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്താനായിരുന്നു അവര്‍ക്ക് കൗതുകം.

എന്നാല്‍, ഏറ്റവും ഭീകരദൃശ്യത്തിനുള്ള അവാര്‍ഡ് കൊടുത്താല്‍ അത് തെലുങ്കുചാനലായ മഹാ ന്യൂസിനായിരിക്കും. ബാത്ത് റൂമിലാണ് അവരുടെ ക്രൈം ബ്യൂറോ ചീഫ് നില്‍്കകുന്നത്. പിങ്ക് നിറമുള്ള ബാത്ത്ടബ്ബിന് അടുത്ത് നിന്ന് കൊണ്ട് ജേണലിസ്റ്റ് ചോദിക്കുന്നു:ശ്രീദേവി ബാത്ത് ടബ്ബിലേക്ക് തെന്നി വീണതോ, അതോ വേറെന്തെങ്കിലുമോ?ശ്രീദേവി ഉപയോഗിച്ചിരുന്ന ബാത്ത്ടബ്ബിന്റെ ഉയരവും നീളവുമൊക്കെ ഇഷ്ടന് അറിയാം. ഇനി പ്രേക്ഷകര്‍ക്ക് സംശയം വല്ലതും ബാക്കിയുണ്ടെങ്കില്‍ അതുതീര്‍ക്കാന്‍ അദ്ദേഹം ബാത്ത്ടബ്ബിലേക്കിറങ്ങുന്നു.

മുങ്ങിമരിക്കാന്‍ ഒരുസാധ്യതയുമില്ല. ഈ ടബ്ബില്‍. ഇനി അഥവാ ശ്രീദേവി അതില്‍ കിടിക്കുകയായിരുന്നെങ്കില്‍ കൂടി.ആവശ്യമെങ്കില്‍ ശ്രീദേവിക്ക് ബാത്തടബ്ബില്‍ നിന്ന് ചാടിയിറങ്ങാമായിരുന്നുവെന്നും കണ്ടെ്തുന്നുഅഭിനവ ഷെര്‍ലക്ക് ഹോംസ്.അതുകൊണ്ട് ഇഷ്ടന്‍ മുന്നോട്ട് വയ്ക്കുന്ന മില്യന്‍ ഡോളര്‍ ചോദ്യം ഇതാണ്: (ഇക്കാര്യം ചോദിക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം ഇത്രയും പാടുപെട്ടത്) ആരെങ്കിലും ശ്രീദേവിയെ ബാത്ത്ടബ്ബില്‍ മുക്കിയതാവുമോ?

ശ്രീദേവിയുടെ തല വെള്ളത്തിനടിയില്‍ മുക്കിപിടിച്ചാരിക്കാമെന്നും അവരെ ശ്വാസം മുട്ടിച്ച്‌ കൊന്നിരിക്കാമെന്നുമൊക്കെയുള്ള ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ വിശദീകരിച്ച ശേഷമേ ക്രൈം ബ്യൂറോ ചീഫിന് തൃപ്തിയായുള്ളു.