ശ്രീദേവിക്ക് എങ്ങനെ ബോധക്ഷയം സംഭവിച്ചു, മരണത്തിൽ അടിമുടി ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് ദുബായ്, ബോണികപൂറും സംശയത്തിന്റെ നിഴലിൽ

ദുബായ്: ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേയ്ക്ക് കൊണ്ടുപോകുന്നതില്‍ വ്യക്തത വന്നിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി പത്രം ലഭിക്കാത്തതാണ് മൃതദേഹം കൊണ്ടുപോകുന്നത് വൈകാന്‍ കാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നും ഇത് അപകടമായിരുന്നുവെന്നും റിപ്പോര്‍ടില്‍ പറഞ്ഞു. ഇതോടെയാണ് നടിയുടെ മരണത്തില്‍ ദുരൂഹത കൂടുന്നത്. ശ്രീദേവിയുടെ മരണത്തില്‍ കൃത്യമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമല്ലാത്തതിനാല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുന്‍തൂക്കം നല്‍കുമ്ബോഴും അസ്വാഭാവിക മരണത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മതൃദേഹം വിട്ടുകിട്ടാന്‍ വൈകുന്നത്.

അസ്വാഭാവിക മരണത്തിനു മൂന്നു സാധ്യതകളാണുള്ളത്. അപകടം, ആത്മഹത്യ, കൊലപാതകം ഈ മൂന്ന് സാധ്യതകളും അന്വേഷണ സംഘം ആരായുന്നുണ്ട്. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനാല്‍ മദ്യപിച്ച്‌ ലക്കുകെട്ട് അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് അനുമാനിക്കേണ്ടത്. ശനിയാഴ്ച രാത്രി 11ന് എമിറേറ്റ്സ് ടവര്‍ ഹോട്ടലിലായിരുന്നു ആയിരക്കണക്കിന് ആരാധകരെ ഞെട്ടിപ്പിച്ച മരണം നടന്നത്. ഒരാഴ്ച മുന്‍പ് റാസല്‍ഖൈമയില്‍ നടന്ന ചലച്ചിത്ര നടനായ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണികപൂര്‍, ഇളയമകള്‍ ഖുഷി എന്നിവരും ദുബായിലെത്തിയത്. വിവാഹ ശേഷം മറ്റുള്ളവരെല്ലാം മുംബൈയിലേയ്ക്ക് തിരിച്ചുപോയെങ്കിലും ശ്രീദേവിയും കുടുംബവും കുറച്ചുദിവസത്തേയ്ക്ക് കൂടി ദുബായില്‍ തങ്ങുകയായിരുന്നു.

സംഭവ ദിവസം വൈകിട്ട് അഞ്ചിന് പുറത്ത് പാര്‍ട്ടിക്കുപോകാമെന്ന് ഭര്‍ത്താവ് ബോണി കപൂര്‍ പറഞ്ഞതിനെ തുടര്‍ന്ന് ശ്രീദേവി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയും 15 മിനിറ്റ് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതിലില്‍ മുട്ടുകയും ചെയ്തു. എന്നാല്‍ വാതില്‍ അകത്ത് നിന്ന് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച്‌ തുറന്നപ്പോള്‍ ബാത് ടബ്ബില്‍ ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. പിന്നീട് മെഡിക്കല്‍ സംഘമെത്തി മരണം സ്ഥിരീകരിച്ചു. ഇതില്‍ ബോണി കപ്പൂര്‍ പറയുന്ന വിശദാംശങ്ങള്‍ പൊലീസിന് ഉള്‍ക്കൊള്ളനായിട്ടില്ല.

സ്വാഭാവിക മരണമായി കണക്കാക്കി പോസ്റ്റ്മോര്‍ട്ടം പോലും വേണ്ടാതെ ഇന്ത്യയിലേക്ക് അയയ്ക്കാനിരുന്ന മൃതദേഹമാണ് മരണം സംഭവിച്ച്‌ രണ്ടു ദിവസമായിട്ടും വിട്ടുകിട്ടാന്‍ വൈകുന്നത്. ഇതോടൊപ്പം ശ്രീദേവിയുടേത് ബോധക്ഷയം സംഭവിച്ച്‌ ബാത്ത്ടബില്‍ വീണു മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. എങ്ങനെയാണ് ബോധക്ഷയം സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.