കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റാന്‍ ഒരുങ്ങുന്നു

കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണനിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു തടഞ്ഞുകൊണ്ടു കഴിഞ്ഞ മേയില്‍ കേന്ദ്രം പുറത്തിറക്കിയതും പിന്നീട് പിന്‍വലിച്ചതുമായ വിജ്ഞാപനത്തിനു പകരമാണിത്.

ഗര്‍ഭിണികളായ കാലികളെയും കന്നുകുട്ടികളെയും കാലിച്ചന്തയില്‍ വില്‍ക്കുന്നത് തടഞ്ഞിട്ടുണ്ട്. ആരോഗ്യമില്ലാത്ത കാലികളെ ചന്തകളില്‍ വില്‍ക്കരുത്, ഗര്‍ഭാവസ്ഥയിലുള്ള കാലികളെ പ്രദര്‍ശിപ്പിക്കരുത്, കാലിച്ചന്തകളില്‍ മൃഗങ്ങളെ വില്‍ക്കുന്നതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം എന്നിങ്ങനെയാണു പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ പുതിയ വിജ്ഞാപനത്തിലെ നിബന്ധനകള്‍. നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ് കരട്. അംഗീകാരം ലഭിച്ചാലുടന്‍തനന്നെ വിജ്ഞാപനത്തിന്റെ കരട് പരിസ്ഥിതിമന്ത്രാലയം പരസ്യപ്പെടുത്തും.

പൊതുജനങ്ങള്‍, മൃഗാവകാശപ്രവര്‍ത്തകര്‍ എന്നിവരുടെ അഭിപ്രായമറിഞ്ഞശേഷമായിരിക്കും അന്തിമവിജ്ഞാപനം പുറത്തിറക്കുക. പഴയ വിജ്ഞാപനത്തിലെ കാലിച്ചന്ത നിരീക്ഷണസമിതിക്കുപകരം മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ പ്രാദേശിക തല സമിതി രൂപീകരിക്കാന്‍ കരട് നിര്‍ദേശിക്കുന്നുണ്ട്. ജില്ലാ മജിസ്ട്രേറ്റ്, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പ്രതിനിധി, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്നതാവും സമിതി. തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങള്‍ പീഡനങ്ങള്‍ നേരിടുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ സമിതിയാണ്. കാലിച്ചന്തയില്‍നിന്ന് കാലികളെ വാങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് ഈ സമിതി നല്‍കണം.