ഷുഹൈബ് വധം: കൊല ചെയ്യാൻ ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന ആയുധങ്ങൾ കണ്ടെത്തി

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്നതിന് രണ്ടു കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വെള്ളിയാംപറമ്പില്‍ കാട് വെട്ടി തെളിക്കുന്നതിനിടെ മൂന്ന് വാളുകൾ ലഭിക്കുകയായിരുന്നു. ഈ ആയുധങ്ങള്‍ കൊലയാളി സംഘം ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഈ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണിക്കവെ ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം സര്‍ക്കാരിന് നേരിടേണ്ടിവന്നിരുന്നു. കൊല നടന്ന് ഇത്ര ദിവസമായിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലും പൊലീസിന് കഴിഞ്ഞില്ലെന്നും പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഈ മാസം 12 ന് രാത്രി പതിനൊന്നരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന് വെട്ടേറ്റത്. തെരൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തട്ട്കടയില്‍ ചായ കുടിക്കുമ്പോഴാണ് വാഗണ്‍ആര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.