യുഎഇയിൽ അടുത്ത മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസില്‍ വര്‍ധനവുണ്ടാകില്ല

യുഎഇയിൽ അടുത്ത മൂന്നുവര്‍ഷത്തേക്ക് ഫെഡറല്‍ തലത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസില്‍ വര്‍ധനവുണ്ടാകില്ലെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സ്ഥിരതയ്ക്കും വാണിജ്യവ്യാപാര മേഖലകളെ പിന്തുണയ്ക്കുന്നതിനുമായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. പുതിയ സാമൂഹിക സാമ്ബത്തിക വികസന സംരംഭങ്ങള്‍ക്ക് ഉടന്‍ തന്നെ തുടക്കം കുറിക്കുമെന്നും ഇതില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു. ആരോഗ്യം, ബഹിരാകാശ ഗവേഷണം, ജലവിതരണം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.